തിരുവനന്തപുരം: കാപ്പ കേസിൽപ്പെട്ട് ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ എൽഡിഎഫ് കൗൺസിലർമാരുടെ വൻ പ്രതിഷേധം. തിരുവനന്തപുരം കോർപ്പറേഷനിലെ മേയറുടെ ഓഫീസിന് മുന്നിലാണ് എൽഡിഎഫ് കൗൺസിലർമാർ ഉപരോധ സമരം സംഘടിപ്പിച്ചത്.
പ്രതിഷേധക്കാർ മേയറെ തടയാൻ ശ്രമിച്ചത് എൽഡിഎഫ്- ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷത്തിന് ഇടയാക്കി. മേയർ വി.വി. രാജേഷിനെ ഓഫീസിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളികളോടെ എൽഡിഎഫ് പ്രവർത്തകർ തടയാൻ ശ്രമിച്ചു. ഇതിനെ ബിജെപി കൗൺസിലർമാർ പ്രതിരോധിച്ചതാണ് കൈയേറ്റത്തിൽ കലാശിച്ചത്. മേയർക്കും ബിജെപിയുടെ വനിതാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർക്കും ഉന്തിലും തള്ളിലും പരിക്കേറ്റു.
തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലറാണ് ആർ. സുഗതൻ. 2023 മുതൽ ഇയാൾക്കെതിരെ കാപ്പ കേസ് നിലവിലുണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചെന്നും, തുടർന്ന് ഇക്കഴിഞ്ഞ മേയ് മാസത്തിൽ ജില്ലാ കളക്ടർ സുഗതനെതിരെ കാപ്പ ഉത്തരവ് പുറപ്പെടുവിച്ചതായും എൽഡിഎഫ് വ്യക്തമാക്കുന്നു.
കാപ്പ നിയമപ്രകാരം നിലവിൽ വിയ്യൂർ ജയിലിൽ കഴിയുന്ന ഒരു പ്രതിക്ക് ജനപ്രതിനിധിയായി തുടരാൻ അർഹതയില്ലെന്നും സുഗതൻ എത്രയും വേഗം രാജിവെക്കണമെന്നുമാണ് എൽഡിഎഫിന്റെ ആവശ്യം. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി കഴിഞ്ഞ ദിവസം അസാധുവാക്കിയിരുന്നു. തുടർന്ന് 19 പേർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും ജയിലിലുള്ളതിനാൽ ആർ. സുഗതന് മാത്രം പുനഃപ്രതിജ്ഞ ചെയ്യാൻ സാധിച്ചിട്ടില്ല.